ഖുര്‍ആന്‍ പാരായണത്തിന്റെ മഹത്വം
22 September 2011
അല്ലാഹുവിന്റെ ആത്മമിത്രമായ ഇബ്റാഹീം നബിയും പുത്രന് ഇസ്മാഈല്‍ നബിയും കഅബാ ശരീഫ് പുനര്‍നിര്‍മാണം നടത്തിയത് പ്രസിദ്ധമാണെല്ലോ. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അല്ലാഹുവോടവര്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയുണ്ടായി. കൂട്ടത്തില്‍ ഇങ്ങനെയും പറഞ്ഞതായി വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: രക്ഷിതീവം, അവരില്‍ (എന്റെ സന്തതികളില്‍) നിന്റെ ആയത്തുകള്‍ ഓതുകയും കിത്താബും സുന്നത്തും അവര്‍ക്ക് പഠിപ്പിക്കുകയും അവരെ സംസ്കരിച്ചെടുക്കുകയും ചെയ്യുന്ന, അവരില്‍നിന്നുതന്നെയുള്ള ഒരു പ്രവാചകനെ അവലിലേക്കു നീ അയക്കേണമേ (അല്‍ ബഖറ: 129).
ഈ പ്രാര്‍ത്ഥനാവാക്യങ്ങള്‍ അല്ലാഹു സ്വീകരിച്ചിട്ടുണ്ടെന്ന് ആ മഹാത്മാക്കളുടെ ജീവ ചരിത്രത്തില്‍നിന്നു പരിശുദ്ധ ഖുര്‍ആനില്‍നിന്നും സ്പഷ്ടമായിട്ടുണ്ട്. തന്റെ ആത്മമിത്രത്തിന്റെയും പ്രിയ പുത്രന്റെയും പ്രാര്‍ത്ഥന അല്ലാഹു എങ്ങനെ അവഗണിക്കും?
ഇബ്റാഹീം നബിയുടെ പുത്രന് ഇസ്മാഈലിന്റെ സന്താന പരമ്പരയിലാണെല്ലോ അറബികള്‍. അവരില്‍നിന്ന് മുഹമ്മദ് നബിയെ അല്ലാഹു നിയോഗിച്ചു. ഖുര്‍ആന്‍ ഓതുകയും കിത്താബും സുന്നത്തും പഠിപ്പിക്കുകയും ചെയ്യുന്ന അറബിയ്യായ ഒരു റസൂല്‍. ആ മഹാനേതാവ് അവരെ സംസ്കരിച്ചെടുത്തു. എത്ര സഫലമയാത്തീര്ന്ന ദുആ! ഈ പ്രവാചക നിയോഗത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക:
''സത്യവിശ്വാസികള്‍ക്ക് അല്ലാഹു മഹത്തരമായ അനുഗ്രഹമാണ് ചെയ്തിരിക്കുന്നത്. അല്ലാഹുവിന്റെ വാക്യങ്ങള്‍ അവര്‍ക്ക് ഓതിക്കൊടുക്കുകയും അവര്‍ക്ക് ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുകയും അവരെ സംസ്കരിച്ചെടുക്കുകയും ചെയ്യുന്ന ഒരു റസൂലിനെ അവരില്‍ നിയോഗിച്ചപ്പോള്‍. അതിനുമുമ്പ് അവര്‍ സ്പഷ്ടമായ ദര്മാര്ഗത്തിലായിരുന്നുവെങ്കിലും (ആലു ഇംറാന്‍: 164).
ഈ രണ്ടു ആയത്തുകള്‍ മുമ്പില്‍ വെച്ചുനോക്കിയാല്‍ നബി നിയുക്തരായതിന്റെ സുപ്രധാന കാരണങ്ങളിലൊന്ന് ഖുര്‍ആന്‍ പാരായണമാണ് എന്നു കാണാം.
നമ്മുടെ ആത്മാവ് എന്നാണ് ഒരിടത്ത് ഖുര്‍ആനെ അല്ലാഹു പരിചയപ്പെടുത്തുന്നത്. ആത്മാവ് നിര്‍ജീവ വസ്തുക്കള്‍ക്ക് ജീവന് നല്കുന്നപോലെ ഖുര്‍ആന്‍ മനുഷ്യന്റെ നിര്‍ജീവ ഹൃദയത്തെ ജീവിപ്പിക്കുന്നു എന്നാണിതിന്റെ ഔചിത്യം. 'നമ്മുടെ കാര്യത്തില്നിന്നുള്ള റൂഹിനെ താങ്കള്‍ക്കു നാം വഹ്യ് നല്കി' (അശ്ശൂറാ: 52).
ഖുര്‍ആന്‍ പാരായണം അനിവാര്യവും പുണ്യമേറിയതുമായ ഒരു കൃത്യമാണ്. നാം വേദം നല്കിയവര് അതിനെ മുറപ്രകാരം പാരായണം ചെയ്യുന്നതാണ് (അല്‍ ബഖറ: 121) എന്നു ഖുര്‍ആന്‍ പറയുന്നു. താങ്കളുടെ രക്ഷിതാവിന്റെ കിത്താബില്‍നിന്ന് താങ്കള്‍ക്ക് സന്ദേശം നല്കപ്പെടുന്നത് പാരായണം ചെയ്യുക (അല്‍ കഹ്ഫ്: 27). സുപ്രധാനമായ കാര്യങ്ങളുടെ കൂട്ടത്തിലാണ് നബിയോട് ഖുര്‍ആനോത്തിന്റെ കാര്യം അല്ലാഹു അനുശാസിച്ചതെന്ന് എത്രമാത്രം ശ്രദ്ധേയമായിരിക്കുന്നു: ഈ നാടിനെ (മക്ക) പവിത്രമാക്കിയവനായ ഇതിന്റെ നാഥന്-അവനുള്ളതാണ് സമസ്ത വസ്തുക്കളും- ആരാധിക്കുവാനും മുസ്ലിംകളിലുള്പ്പെടുവാനും ഖുര്‍ആന്‍ പാരായണം ചെയ്യുവാനും എന്നോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്നു (അന്നംല്: 91-92). അല്ലാഹുവിന്റെ കിത്താബ് പാരായണം ചെയ്യുന്നത് നഷ്ടപ്പെട്ടുപോകാത്ത കച്ചവടമായും വിശുദ്ധ ഖുര്‍ആന്‍ തന്നെ വിശേഷിപ്പിച്ചിട്ടുണ്ട് (ഫാത്തിര്‍: 29).
മേല്പറഞ്ഞ ഖുര്‍ആന്‍ സൂക്തങ്ങളിലൂടെയെല്ലാം പാരായണത്തിന്റെ മഹത്വം സുവ്യക്തമായി ഗ്രഹിക്കാന്‍ കഴിയും. തിരുനബി ഖുര്‍ആനോത്തിന് മികച്ച സ്ഥാനം നല്‍കുകയും അതിന്റെ മഹനീയത അനുയായികളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന് ഖുര്‍ആന്‍ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന ഹദീസ് സുപ്രസിദ്ധമാണെല്ലോ. എന്റെ സമുദായത്തിന്റെ ഇബാദത്തുകളില്‍ ഏറ്റവും ശ്രേഷ്ഠമായത് ഖുര്‍ആന്‍ ഓതലാണ് എന്നും പുണ്യറസൂല്‍ പഠിപ്പിച്ചിരിക്കുന്നു.
അല്ലാഹുവിന്റെ സാമീപ്യം കരഗതമാക്കുവാന്‍ ഏറ്റവും പര്യപ്തമായത് അവന്റെ വചനങ്ങളത്രെ. അവക്കാകട്ടെ ഇരട്ടിക്കിരട്ടി പ്രതിഫലവും. നബിതങ്ങള് ഒരിക്കല്‍ പറഞ്ഞു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. കാരണം അല്ലാഹു അതിന് വമ്പിച്ച പ്രതിഫലം തരും. അതായത്, അതിന്റെ ഓരോ അക്ഷരത്തിനും പത്തു പുണ്യമാണ്. അലിഫ്ലാംമീം എന്നത് ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. അലിഫ് ഒരക്ഷരവും ലാം ഒരക്ഷരവും മീം ഒരക്ഷരവും ആണ് (ഹാക്കിം, തുര്‍മുദി).
മഹാനായ അബൂദര്‍റിനോട് ഒരിക്കല്‍ പ്രവാചകന് പറഞ്ഞു: അബൂദര്‍റ്, ഖുര്‍ആനോത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കുക. കാരണം, ഭൂമിയില്‍ നിങ്ങള്‍ക്കതൊരു പ്രകാശവും ആകാശത്ത് അതൊരു നിക്ഷേപവുമായി ഭവിക്കും (ഇബ്നു ഹിബ്ബാന്‍). ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് പരലോകത്ത് അത്യുന്നത സ്ഥാനമുണ്ടെന്ന് നിരവധി ഹദീസുകളില്‍ വന്നിരിക്കുന്നു. ഒരു ഹദീസില്‍ ഇങ്ങനെയാണുള്ളത്: ഖുര്ആനോത്തുകാരനോട് പരലോകത്തുവെച്ചു പറയപ്പെടും: നീ സമാധാനപൂര്‍വ്വം ഓതി പദവികളില്‍ കയറുക. ഭൗതിക ലോകത്ത് നീ ചെയ്തിരുന്ന പോലെ നീ സാവകാശം പാരായണം ചെയ്യൂ. കാരണം, നീ അവസാനം ഓതുന്ന ആയത്തിനടുത്താണ് നിന്റെ പദവി (തുര്‍മുദി).
പുണ്യമേറിയ ഈ കൃത്യം നിര്‍വ്വഹിക്കുന്നതിന് വിക്ക് തുടങ്ങിയ വല്ല പ്രതിബന്ധവുമുണ്ടാവുകയും അത് സഹിച്ച് കഷ്ടപ്പെട്ടുനിര്വ്വഹിക്കുകയും ചെയ്താല്‍ ഇരട്ടി പ്രതിഫലമുണ്ട്. പ്രതികൂല സാഹചര്യങ്ങളും വിഷമാവസ്ഥകളും തരണം ചെയ്ത് ഏതു കാര്യം നിര്‍വ്വഹിക്കുമ്പോഴും ഇങ്ങനെത്തന്നെയാണെല്ലോ. ഖുര്‍ആന്‍ പാരായണത്തില്‍ ജാഗ്രതയും ഉത്സാഹവും വെച്ചുപുലര്ത്തുകയെന്നതും അത്യന്തം ശ്ലാഘനീയം തന്നെ. പ്രവാചകന് പറയുന്നു: ഖുര്‍ആനില്‍ വൈദഗ്ദ്യമുള്ളവന് ആദരണീയരും പുണ്യവാന്മാരുമായ മലക്കുകളോടൊപ്പമായിരിക്കും. ബുദ്ധിമുട്ടി വിക്കി വിക്കി ഖുര്‍ആന്‍ ഓതുന്നവന് രണ്ട് പ്രതിഫലമുണ്ട് (മുസ്ലിം).
ഇങ്ങനെ ഖുര്‍ആന്‍ പാരായണത്തിന്റെ മഹത്വവും സവിശേഷതകളും വ്യക്തമാക്കുന്ന തിരുസൂക്തങ്ങള്‍ ഒട്ടേറെയുണ്ട്. സത്യവിശ്വാസിയുടെ ജീവിതത്തിന് വഴികാട്ടുന്നതും മാര്‍ഗം തെളിക്കുന്നതും ഈ മഹല്‍ ഗ്രന്ഥമാണ് എന്നതുകൊണ്ടാണത്രെ ഇവ്വിധം ബന്ധം അവന്നും ഖുര്ആനുമിടയില് സ്ഥാപിക്കാന്‍ ഇസ്ലാം ഉദ്ദേശിച്ചത്. പാരായണം വഴി വിശ്വാസത്തിന് തിളക്കം കൂട്ടാനും നമുക്ക് സാധിക്കുന്നു. ഒരിക്കല്‍ പ്രവാചകന് പറഞ്ഞു: ഇരുമ്പ് തുരുമ്പ് പിടിക്കും പ്രകാരം ഹൃദയങ്ങള്‍ തുരുമ്പ് പിടിക്കുന്നതാണ്. എന്നാല്‍, ഖുര്‍ആന്‍ പാരായണം അവയെ തെളിയിച്ചെടുക്കാന്‍ സഹായകമായിരിക്കും. മറ്റൊരു ഹദീസില്‍, ഈ ഒരു കാര്യം കൊണ്ട് മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. പ്രവാചകന് പറഞ്ഞു: എന്നോട് ഓരോരോ കാര്യങ്ങള്‍ ചോദിക്കുന്നതില്‍നിന്ന് ഖുര്‍ആനോത്ത് ഒരാളെ വ്യാപൃതനാക്കിയാല്‍ ചോദിക്കുന്നവര്‍ക്ക് നല്കുന്നതില് ഏറ്റവും ഉത്തമമായത് ഞാനവന് നല്‍കുന്നതാണ് (തുര്‍മുദി).
മാനസികാസ്വസ്ഥതയും സമാധാന ജീവിതവും മനുഷ്യന് ഇന്നൊരു ദിവാസ്വപ്നം പോലെയായിട്ടുണ്ട്. എന്നാല്‍, 'അറിയുക, അല്ലാഹുവിന്റെ സ്മരണകൊണ്ടേ ഹൃദയ സമാധാനം കൈവരൂ' (13:28) എന്ന ഖുര്‍ആനിക സൂക്തം പാരായണത്തെക്കൂടി ഉള്‍ക്കൊള്ളുന്നു. ഖുര്‍ആന്‍ ഓതല്‍ ഹൃദയ സമാധാനത്തിനും മാനസിക സ്വാസ്ഥ്യത്തിനും അനുയോജ്യമായ പ്രതിവിധയാണെന്നര്ത്ഥം. പ്രവാചകന് പറഞ്ഞു: അല്ലാഹുവിന്റെ കിത്താബ് ഓതുകയും അത് പഠിക്കുകയും ചെയ്യാനായി ഏതെങ്കിലുമൊരു പള്ളിയില്‍ ഒരുമിച്ചുകൂടിയ ഒരു സംഘമാളുകള്‍ക്ക് സമാധാനം ലഭിക്കാതിരിക്കില്ല (മുസ്ലിം).
രാപ്പകല്‍ ഭേദമന്യെ എല്ലാ സമയത്തും ഖുര്‍ആന്‍ ഓതല്‍ ഏറ്റവും പുണ്യമുള്ള കാര്യമാകുന്നു. ആദ്യം മുതല്‍ അവസാനം വരെ ക്രമമായി ഓതിക്കൊണ്ടിരിക്കുകയാണ് വേണ്ടത്. അതിന് ഖത്മ് എന്ന് പറയുന്നു. മാസത്തിലൊരിക്കല്‍ അല്ലെങ്കില്‍ നാല്പത് ദിവസത്തിലൊരിക്കല്‍ ഓരോ മുസ്ലിമും ഒരാവൃത്തിയെങ്കിലും ഖുര്‍ആന്‍ ഓതിത്തീര്ക്കണമെന്നാണ് പല മഹാന്മാരും പറഞ്ഞിരിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് രണ്ടു മാസത്തിലൊരിക്കലെങ്കിലും ഓതണമെന്ന് ഇമാം അബൂ ഹനീഫ (റ) പറയുന്നു. ഒരു ദിവസത്തിലും ഓരു റക്അത്ത് നിസ്കാരത്തില്തന്നെയും ഒരാവൃത്തി പാരായണം ചെയ്ത മഹാന്മാരുണ്ടായിരുന്നു.
ഓതുന്ന വ്യക്തിക്കുമാത്രമല്ല, ആ സ്ഥലത്തിനു പോലും മഹത്വമുണ്ടെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഏതുവീട്ടില്വെച്ച് സൂറത്തുല്‍ ബഖറ ഓതപ്പെടുന്നവോ അവിടെനിന്ന് പിശാച് ഓടിപ്പോകുമെന്ന പ്രവാചക വചനം വ്യക്തമാക്കുന്നത് അതത്രെ.
വിവിധ സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും ഓതുവാനായി പല സൂറകളും സൂക്തങ്ങളും പ്രവാചകന് പഠിപ്പിച്ചിട്ടുണ്ട്. അവക്കുള്ള മികച്ച പ്രതിഫലവും ഖുര്‍ആന്‍ അല്ലാഹുവിന്റെ പവിത്രമായ കലാമാണെന്നു മനസ്സിലാക്കി അദബുകളെല്ലാം പാലിച്ച് ഓതുമ്പോഴാണ് പരിപൂര്‍ണമായ പ്രതിഫലം ലഭിക്കുന്നത്. ഖുര്‍ആന്‍ പഠിച്ച് അതിന്റെ പാരായണം കൈവെടിയുകയെന്നത് വമ്പിച്ച കുറ്റമാണെന്ന് പ്രവാചകന് താക്കീത് ചെയ്തിട്ടുണ്ട്. അത്തരക്കാരുടെ മേല്‍ പരലോകത്തുവെച്ച് ആ ദിവ്യഗ്രന്ഥംതന്നെ സാക്ഷി നില്‍ക്കുകയും ചെയ്യും.
ഖുര്‍ആന്‍ ഡൈജസ്റ്റ്, 1985, എസ്.പി.സി